കോട്ടയം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനകരമായ നേട്ടത്തോടെ ഇരട്ട സ്വര്‍ണ മെഡലുകള്‍ നേടി കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനായ ഡോ. അനു.
ബോക്‌സിംഗ് പരിശീലനത്തിറങ്ങിയപ്പോൾ പലരും പലതും പറഞ്ഞു പിന്തിരിപ്പിച്ചു, കളിയാക്കി, 'വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നത്?' എന്നും ചോദിച്ചു. ചോദ്യങ്ങൾ ഉന്നയിച്ചവർക്കും കളിയാക്കിയവർക്കുമുള്ള മറുപടിയായിരുന്നു അനുവിന്റെ വിജയത്തിളക്കം. ഡോ.വന്ദനയുടെ മരണത്തിന് ശേഷം ആണ് ബോക്‌സിങ് പഠിക്കാൻ തീരുമാനിച്ചത് എന്ന് ഡോ.അനു പറഞ്ഞു. കട്ടയ്ക്ക് സപ്പോർട്ടുമായി ഭർത്താവ് ജിഷ്‌ണുവും ഒപ്പമുണ്ടായിരുന്നു. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും ഫിസിക്കല്‍ ഫിറ്റ്‌നസിനും വേണ്ടിയാണ് കിക്ക് ബോക്‌സിംഗ് പരിശീലിച്ചത്. ആദിശേഷന്‍ (6) ബാനി ദ്രൗപദി (4) എന്നിവരാണ് മക്കൾ. ഭർത്താവ് ജിഷ്ണു ഫെഡറൽ ബാങ്ക് മാനേജരാണ്. ഇഷ്ടവും, ഇച്ഛാശക്തിയും, കഠിനാധ്വാനവും ഉണ്ടെങ്കില്‍ നമ്മുടെ ഒരു ആഗ്രഹവും അസാധ്യമല്ല എന്ന് ഡോ. അനു തെളിയിക്കുന്നു. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് അനു സ്വര്‍ണ മെഡലുകള്‍ നേടിയത്. തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്റ് സെക്രട്ടറി കൂടിയാണ്.