ചങ്ങനാശ്ശേരി: ഇത്തിത്താനം മരോട്ടിക്കളം എം.ആർ. പൊന്നപ്പന്(75) അഭയം ചാരിറ്റബിൾ സൊസൈറ്റി ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. ഇത്തിത്താനം കല്ലുകടവിൽ കഴിഞ്ഞ 37 വർഷമായി മാടക്കട നടത്തിവന്നിരുന്ന പൊന്നപ്പന് കോവിഡ് കാലത്താണ് ശ്വാസം മുട്ടൽ തുടങ്ങുന്നത്.
മെഡിക്കൽ കോളേജിലും ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ നടത്തി. കഴിഞ്ഞ 11 ദിവസമായി ചങ്ങനാശ്ശേരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തിയിരുന്നു. ഡിസ്ചാർജ് ചെയ്യണമെങ്കിൽ വീട്ടിൽ ഓക്‌സിജൻ നൽകാനുള്ള സംവിധാനം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തുച്ഛ വരുമാനക്കാരായ പൊന്നപ്പന്റെ കുടുംബത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങുന്നതിനുളള ശേഷി ഇല്ലായിരുന്നു. അഭയത്തിന്റെ ഇത്തിത്താനം ലോക്കൽ സമിതി വഴിയായി വിവരം അറിഞ്ഞതനുസരിച്ച് ഇന്ന് അഭയം ഓക്സിജൻ കോൺസൻട്രേറ്റർ വീട്ടിൽ എത്തിച്ചു നൽകി. അഭയം ആക്ടിംഗ് ചെയർമാൻ റ്റി.ആർ. രഘുനാഥൻ ഇത്തിത്താനത്തെ വീട്ടിൽ എത്തിയാണ് കൈമാറിയത്. അഭയം ഉപദേശക സമിതി അംഗങ്ങളായ കെ.എം.രാധാകൃഷ്ണൻ, അഡ്വ. റജി സഖറിയ, അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ.എ.എൻ. റെഡ്യാർ, ചങ്ങനാശ്ശേരി ഏരിയ സമിതി ചെയർമാൻ കെ. ഡി. സുഗതൻ, എരിയ സമിതിയംഗം എം.എൻ. മുരളീധരൻ നായർ, ഇത്തിത്താനം ലോക്കൽ സമിതി ചെയർമാൻ റ്റോമിച്ചൻ ജോസഫ്, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി ഷംജ ലാൽ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.