തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പ് മറവൻതുരുത്തിൽ മദ്യലഹരിയില്‍ യുവാവ് കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്. കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ രക്ഷപ്പെടുത്തിയ കടത്തുകാരന് നേരെ യുവാവ് അസഭ്യവർഷം നടത്തുകയായിരുന്നു. അമിത വേഗതയിൽ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാര്‍ തോണിയുമായി ഉടൻ എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തുകയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. കടത്തുകാരൻ കാറിന്‍റെ ഡോര്‍ തുറന്നതിനാലാണ് മുങ്ങി പോയതെന്ന ആരോപണവുമായി യുവാവ് കടത്തുകാരനും നാട്ടുകാർക്കും നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് പോയതാണോ അതു വഴി തെറ്റി എത്തിയതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, കാര്‍ അമിത വേഗതയിൽ ഓടിച്ചിറക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.