മനുഷ്യർ താമസിക്കുന്ന സ്ഥലം വനമാക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ.


മുണ്ടക്കയം: വനം സംരക്ഷിക്കേണ്ടതാണ്, വനം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, എന്നാൽ മനുഷ്യർ താമസിക്കുന്ന സ്ഥലം വനമാക്കാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

 

 വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ മുണ്ടക്കയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും ഞെട്ടിക്കുന്ന കാര്യങ്ങളാണ് മനുഷ്യ വന്യജീവി സംഘർഷങ്ങളുടേതായി പുറത്തു വരുന്നത്. ഇതിനിടയിൽ വന നിയമ ഭേദഗതികൾ കൂടി വരുമ്പോൾ കർഷകരുടെ ജീവിതം ദുസ്സഹമാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ നേരിട്ട ആളുകളെ മുണ്ടക്കയത്ത് അനുസ്മരിച്ചു. ബസ് സ്റ്റാൻഡ് മൈതാനത്തു നടന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെ.സി.ജോസഫ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ, പി.എ.സലിം, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.