കോട്ടയം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ എല്ലാവർക്കും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എന്ന കെ-ഫോൺ പദ്ധതി കൂടുതൽ കണക്ഷനുകളുമായി കുതിക്കുന്നു.
കോട്ടയം ജില്ലയിൽ ഇതുവരെ 7297 കണക്ഷനുകൾ നൽകി കഴിഞ്ഞു. കൂടുതലാളുകൾ ഇപ്പോൾ കെ ഫോൺ കണക്ഷനുകൾ എടുത്തു തുടങ്ങി. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഇപ്പോൾ കെ ഫോൺ കണക്ഷനുകൾ ലഭ്യമാണ്. 2189.19 കിലോമീറ്റര്‍ കേബിളുകളാണ് ജില്ലയിൽ ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ നഗര മേഖലകളിൽ മാത്രമല്ല ഗ്രാമീണ മലയോര മേഖലകളിലും കെ ഫോൺ കണക്ഷനുകൾ ലഭ്യമാണ്. പ്രാദേശിക ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സഹകരിച്ചാണ് കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 171 പ്രാദേശിക ഇന്റർനെറ്റ് ഓപ്പറേറ്റര്‍മാര്‍ കെ ഫോണുമായി സഹകരിക്കുന്നുണ്ട്. 302 ബി പി എൽ കുടുംബങ്ങളിൽ കണക്ഷൻ നൽകി. 5343 വാണിജ്യ കണക്ഷനുകളും നൽകിയിട്ടുണ്ട്. ഒരു ഐഎല്‍എല്‍ കണക്ഷനും 19 എസ്എംഇ കണക്ഷനുകളും ജില്ലയില്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 1652 സര്‍ക്കാര്‍ ഓഫീസുകള്‍ കെഫോണ്‍ കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലകളായ കണമല,തുലാപ്പള്ളി, കോരുത്തോട് മേഖലകളിലും കെ ഫോൺ കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ റജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.