മണർകാട്: നാട്ടുഭക്ഷണത്തിന് പേര് കേട്ട നാലു മണിക്കാറ്റിൽ ഇനി പരിശീലനം ലഭിച്ച വനിതാ കൂട്ടായ്മകൾ ഭക്ഷണശാലകൾ നടത്തും. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വനിതാ തൊഴിൽ സംരഭക ഗ്രൂപ്പുകൾക്കാണ് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ 2024-2025 സാമ്പത്തിക വര്‍ഷ തൊഴില്‍ സംരഭകര്‍ക്ക് ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണ സ്റ്റാളുകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിഷ്കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സ്റ്റാള്‍ ക്രമീകരിച്ചു ഭക്ഷണം പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നതിനാണ് ധനസഹായം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷണശാല നടത്തിപ്പുകാരായ സ്ത്രീകൾക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാചക പരിശീലനം നൽകി. സൗകര്യങ്ങൾ എത്തിയതോടെ ലോക നിലവാരത്തിലുള്ള തെരുവ് ഭക്ഷണ ശാലയായി നാലു മണിക്കാറ്റ് ഉയർത്തപ്പെടും. നാലുമണിക്കാറ്റിലെ 12 ഭക്ഷണ സ്റ്റാളുകളിലെ 24 സ്ത്രീകൾക്ക് ആണ് പരിശീലനം നൽകിയത്. വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ 36 -ലധികം പലഹാരങ്ങളാണ് നാലു മണിക്കാറ്റിൽ ഇനി ലഭിക്കുക. പകൽ 11 മുതമുതൽ രാത്രി എട്ടുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. 2024 ൽ കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് അനുമതി ലഭിച്ചു. രുചികരമായ ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിനായാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വനിതകൾക്ക് പരിശീലനം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യ സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും.