'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിൻ നിഷ ജോസ് കെ. മാണി ജില്ലാ ബ്രാൻഡ് അംബാസിഡർ.


കോട്ടയം: അർബുദ അതിജീവിത​യായ നിഷ ജോസ് കെ. മാണിയെ 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിന്റെ​ ജില്ലാ ബ്രാൻഡ് അംബാസിഡറായി കോട്ടയം ജില്ലാ കാൻസർ കൺട്രോൾ കമ്മിറ്റിയോഗം തിരഞ്ഞെടുത്തു.

 

 ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ആരോഗ്യ-ആനന്ദ സംഗമത്തിൽ നിഷ ജോസ് കെ. മാണിയെ ജില്ലാ ബ്രാൻഡ് അംബാസിഡറായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രഖ്യാപിച്ചു. കാമ്പയിന് പിന്തുണയേകി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൂട്ടായ്മ ആരോഗ്യ-ആനന്ദ സംഗമം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. കാമ്പയിൻ ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ, നഴ്‌സിങ് കോളജ് വിദ്യാർഥികൾ, വിവിധ മേഖലകളിൽനിന്നുള്ള സ്ത്രീകൾ എന്നിവർ സംഗമത്തിന്റെ ഭാഗമായി. അർബുദ ബോധവത്കരണ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ അവതരിപ്പിച്ച സുംബാ ഡാൻഡ് പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു. 30 മുതൽ 65 വയസു വരെയുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പുവരുത്താനാണ് ക്യാമ്പയിൻ. ലോക കാൻസർ ദിനമായ ഫെബ്രുവരി നാലു മുതൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെയാണ് സ്ത്രീകൾക്കായുള്ള പ്രത്യേക കാൻസർ പരിശോധന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നത്.