മണിമല: കാഞ്ഞിരപ്പള്ളി ചിറക്കടവിൽ അക്രമാസക്തനായി ഇതര സംസ്ഥാന തൊഴിലാളി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസെത്തിയാണ് കീഴടക്കിയത്. കാഞ്ഞിരപ്പള്ളി ചിറക്കടവിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ റബ്ബർ തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളി ഇരിക്കുന്നത് കണ്ട ടാപ്പിംഗ് തൊഴിലാളിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ എത്തിയതോടെ ഇയാൾ ഓടി വീടിനുള്ളിൽ കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീട്ടുകാര്‍ വീടിനു വെളിയിലായിരുന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർ വീട് വെളിയിൽ നിന്നും പൂട്ടിയ ശേഷം മണിമല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറിയ ഇയാള്‍ സ്വയം ശരീരത്തിൽ മുറിവേല്‍പ്പിക്കുകയും ചെയ്തു. മണിമല പോലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ നിന്നും ഇയാളെ കീഴടക്കി വിലങ്ങുവച്ച് കൊണ്ടു പോകുന്നതിനിടെ വാഹനത്തിന്റെ ചില്ല് ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ഇയാള്‍ നേഴ്സിന്റെ തലയ്ക്കിടിച്ചു രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. മോഷണത്തിനായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. മാനസികാസ്വസ്ഥ്യം ഉള്ളയാളാണെന്നു പൊലീസ് പറഞ്ഞു.