കോട്ടയം: കോട്ടയം നാട്ടകത്ത് കല്യാണ സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം നൽകിയില്ലെന്ന് ആരോപിച്ചു കല്യാണ സദ്യയ്ക്കിടെ കൂട്ടയടി. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘർഷമുണ്ടാക്കിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് പിന്നീട് സദ്യ കഴിക്കാനായി ഇരുന്നതും രണ്ടാമത് പപ്പടം ചോദിച്ചിട്ടു നൽകാഞ്ഞതിനെ തുടർന്ന് ബന്ധുക്കളുമായി ഏറ്റുമുട്ടിയതും. മുട്ടം സ്വദേശിനിയായ യുവതിയും കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ നടന്നത്. സംഘർഷത്തിൽ രണ്ടു പേരുടെ തല പൊട്ടി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടുപേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.