കോട്ടയം: അതിശക്തമായ കനത്ത മഴയിൽ കോട്ടയം ജില്ലയിൽ കർഷകർക്ക് ദുരിതം. കനത്ത മഴയിൽ ജില്ലയിലെ പാടശേഖരങ്ങളിൽ വ്യാപക മടവീഴ്ചയുണ്ടായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കനത്ത മഴയിൽ കർഷകർക്ക് സംഭവിച്ചിരിക്കുന്നത്. പുഞ്ചക്കൃഷിക്ക് വിത പൂർത്തിയായി നെല്ല് കിളിർത്ത് തുടങ്ങിയ പാടങ്ങളെല്ലാം വെള്ളത്തിലായത്തോടെ കണ്ണീർ ദുരിതത്തിലായിരിക്കുകയാണ് നെൽ കർഷകർ. കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തും ചങ്ങനാശ്ശേരിയിലും പായിപ്പാടും വ്യാപക മടവീഴ്ച സംഭവിച്ചിട്ടുണ്ട്. കുന്നംപള്ളി, കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കൽ, നക്രാപുതുവൽ തുടങ്ങിയ ഭാഗങ്ങളിലെ 1500ലധികം ഏക്കർ കൃഷിയാണ് വെള്ളം കയറി നശിച്ചത്. കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തിൽ മടവീണതോടെ ഏക്കറുകണക്കിന് നെൽ കൃഷിയാണ് വെള്ളത്തിലായത്. കടം വാങ്ങിയും ൽ എടുത്തും കൃഷി ആരംഭിച്ച കർഷകർ ഇതോടെ കണ്ണീർ കയത്തിലായിരിക്കുകയാണ്. കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിലും മടവീണു.