തിരുവനന്തപുരം: കേരളത്തിന് പ്രതീക്ഷയുടെ പച്ചക്കൊടി വീശി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനങ്ങൾ. ശബരി റെയിൽപാത യാഥാർത്ഥ്യമാക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അങ്കമാലി-എരുമേലി-ശബരി റെയിൽ പാത പദ്ധതി, സിൽവർലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി-എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.പി.മാരായ ബെന്നി ബഹനാൻ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു. മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നൽകി തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.