കൊല്ലത്ത് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തിയ ശേഷം പാലാ സ്വദേശിയായ യുവാവ് സ്വയം തീ കൊളുത്തി മരിച്ചു, 80 ശതമാനം പൊള്ളലേറ്റ യുവതി തീവ്രപരിചരണ


കൊല്ലം: കൊല്ലത്ത് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തിയ ശേഷം പാലാ സ്വദേശിയായ യുവാവ് സ്വയം തീ കൊളുത്തി മരിച്ചു. പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. ഷിബുവിനൊപ്പം താമസിക്കുന്ന അഴീക്കൽ പുതുവൽ ഷൈജാമോൾ (41) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം യുവാവ് സ്വയം പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തി ആത്മ​ഹത്യ ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇരുവരും ഏറെ നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുറച്ചു നാളായി അകൽച്ചയിലായിരുന്ന ഇവർ മാറി താമസിക്കുകയായിരുന്നു. ഷിബു വീട്ടിൽ പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഷിബുവിന്റെ പേരിൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു. ആദ്യ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ശേഷമാണ് ഷൈജ ഷിബുവിനൊപ്പം താമസമാക്കിയത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.