ക്രിസ്മസിന്റെ വരവറിയിച്ചു വിപണിയിൽ മിന്നിത്തിളങ്ങി നക്ഷത്രങ്ങൾ, ക്രിസ്മസ് വിപണികൾ ആരംഭിച്ചു.


കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ചു വിപണിയിൽ മിന്നിത്തിളങ്ങി നക്ഷത്രങ്ങൾ. മുൻ വർഷങ്ങളിൽ ഡിസംബർ ആദ്യവാരം സജീവമായിരുന്ന നക്ഷത്ര വിപണി ഇക്കൊല്ലം നവംബർ മാസം പകുതിയോടെ ആരംഭിക്കുകയായിരുന്നു. കോട്ടയത്ത് എംസി റോഡിൽ ചൂട്ടുവേലി ജങ്ഷന് സമീപം ക്രിസ്മസ് വിപണി ആരംഭിച്ചിട്ടുണ്ട്. വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള നക്ഷത്രങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. വിവിധ തരം നക്ഷത്രങ്ങളും അലങ്കാര ബൾബ് മാലകളും ക്രിസ്മസ് ട്രീയും തുടങ്ങി ക്രിസ്മസ് രാവുകളെ ആഘോഷമാക്കാനുള്ള എല്ലാവിധ സാധനങ്ങളും വിപണിയിൽ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. വിലവർദ്ധനവ് ഈ വർഷം വലിയതോതിൽ ഉണ്ടായിട്ടില്ല എന്നും വ്യാപാരികൾ പറഞ്ഞു. പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. രാത്രിയിൽ നക്ഷത്രരൂപം മാത്രം തെളിയുന്ന നിയോൺ നക്ഷത്രങ്ങൾക്കാണ്‌ ആവശ്യക്കാരേറെ. നിയോൺ നക്ഷത്രങ്ങളുടെ കുറഞ്ഞ വില 500 രൂപയാണ്‌. പേപ്പർ നക്ഷത്രങ്ങൾക്ക് 100 രൂപ മുതലാണ് വില. ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതലുമുണ്ട്. 200 രൂപ മുതലാണ് എൽ ഇ ഡി നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ക്രിസ്മസ് ദിനങ്ങൾ അടുക്കുന്നതോടെ വ്യാപാരം വർധിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.