തിരുവനന്തപുരം: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. കോട്ടയത്ത് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാം ഘട്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തികളുടെ ഉദ്ഘാടനം പാമ്പാടിയിൽ നിർവഹിച്ച ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ വാമനപുരത്തു വെച്ച് വൈകിട്ടാണ് അപകടം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിനു മുൻപിൽ സ്‌കൂട്ടർ യാത്രിക പെട്ടെന്ന് വലത്തേക്ക് തിരിയുന്നതിനിടെ സ്‌കൂട്ടറിൽ പിടിക്കാതിരിക്കാൻ പൈലറ്റ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. പരിശോധനകൾക്ക് ശേഷം വാഹനവ്യൂഹം തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.