കോട്ടയം: കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രണ്ടു വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. അന്തിമപട്ടിക ഒക്ടോബർ 19നു പ്രസിദ്ധീകരിക്കും.
ഈരാറ്റുപേട്ട നഗരസഭയിലെ 16-ാം വാർഡ് (കഴിവേലി) അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡ് (ഐ.ടി.ഐ.) എന്നിവിടങ്ങളിലാണ് കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. തദ്ദേശ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചു ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് ഇലക്ടർ രജിസ്‌ട്രേഷൻ ഓഫീസർമാരുടേയും യോഗം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്നു. ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി, ജോബിൻ ജോൺ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.വൈ. നിസി ജോൺ, അസിസ്റ്റന്റ് സെക്രട്ടറി രമ്യ സൈമൺ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, തദ്ദേശ സ്വയംഭരണവകുപ്പ് ജൂനിയർ സൂപ്രണ്ട് വി.എ. ഷാനവാസ്, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് കെ. അജിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.