കോട്ടയം: ഓണസദ്യയ്ക്കൊപ്പം ഉപ്പേരി, ഓണമായാൽ പിന്നീടുള്ള ദിവസങ്ങളിലെ പലഹാരമായും ഉപ്പേരി, സുഹൃത്തുക്കളായാലും ബന്ധുക്കളായാലും സംസാരിച്ചിരിക്കുമ്പോൾ ചെറുകടി പലഹാരമായും ഉപ്പേരി, കുട്ടികൾക്ക് കറുമുറെ കഴിക്കാനും ഉപ്പേരി, ഇങ്ങനെ ഉപ്പേരിയോടുള്ള സ്നേഹം നീണ്ടു നീണ്ടു പോകുകയാണ് നമ്മൾ മലയാളികൾക്ക്.
അതെ, ഉപ്പേരിയില്ലാതെ മലയാളികൾക്ക് എന്ത് ഓണം. കഴിഞ്ഞ ആഴ്ച ഉപ്പേരിക്കടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു. എന്നാൽ ശനിയാഴ്ചയോടെ കളം മാറി. ശനിയാഴ്ചയും ഞായറാഴ്ചയും ഉപ്പേരിക്കടകളിൽ തിരക്ക് ആയിരുന്നു. ഇനി വരുന്ന ഓണമടുത്ത ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും ഉപ്പേരി കടകൾ സജീവമായി തുടങ്ങി. 500 രൂപ വരെ ഉപ്പേരിക്ക് കിലോവിലയുണ്ട്.
ഉപ്പേരിക്കൊപ്പം ശർക്കരവരട്ടി,കളിയടയ്ക്ക എന്നിവടയും ഉപ്പേരിക്കടകളിലുണ്ട്. ഇത്തവണ ഉപ്പേരിക്കടകളിൽ വിവിധയിനം ഹൽവകളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ ഉപ്പേരിക്കടകൾക്കൊപ്പം പായസ മേളകളും സജീവമാകും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണ സമ്മാനങ്ങൾക്കൊപ്പം നൽകാവുന്ന ഉപ്പേരിയും ശർക്കരവരട്ടിയും പായസം മറ്റു പലഹാരങ്ങളുമടങ്ങിയ കിറ്റുകൾ ബേക്കറികളിൽ ലഭ്യമാണ്. പായസങ്ങൾക്കും ഓണസദ്യകൾക്കും ഇപ്പോൾ തന്നെ വിവിധ ബേക്കറികളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലും ഓഡറുകൾ സ്വീകരിച്ചു തുടങ്ങി.