സഞ്ചാരികൾക്ക് പിങ്ക് വിസ്മയത്തിന്റെ പറുദീസയൊരുക്കി കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം, കോട്ടയത്തിന്റെ ആമ്പൽപ്പൂക്കാലം ആഘോഷമാക്കി കൊല്ലാട് ഗ്രാമം.


കോട്ടയം: മലരിക്കലിലും അമ്പാട്ടുകടവിനും ഒപ്പം സഞ്ചാരികൾക്ക് പിങ്ക് വിസ്മയത്തിന്റെ പറുദീസയൊരുക്കി കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കൊല്ലാട് കിഴക്കുപുറത്താണ് ആമ്പൽ വിസ്മയം പൂത്തുലഞ്ഞു നിൽക്കുന്നത്.

 

 കോട്ടയം നഗരത്തിൽ നിന്നും ആറര കിലോമീറ്റർ മാത്രമാണ് നയന വിസ്മയകരമായ ഈ കാഴ്ച്ചകളിലേക്കുള്ള ദൂരം. 200 ഏക്കർ പാടശേഖരത്തിൽ നിലവിൽ 110 ഏക്കറിലധികം സ്ഥലത്താണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ കവർന്നിരിക്കുന്നത് മലരിക്കലും അമ്പാട്ടുകടവുമായതിനാൽ സഞ്ചാരികൾ കൂടുതൽ എത്തുന്നതും അവിടേക്കാണ് എന്ന് കിഴക്കുപുറം പാടശേഖരത്തോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസിയായ കെ ജി അനിൽ പറഞ്ഞു. 


















ഇവിടെയെത്തുന്നവർക്ക് വള്ളത്തിൽ കാഴ്ചകൾ കാണാനും ഫോട്ടോഷൂട്ടിനുമുള്ള സൗകര്യങ്ങൾ ചെയ്തു നൽകുന്നതും ഇദ്ദേഹമാണ്. എന്നാൽ അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ പൂക്കൾ വിരിയുന്നതിനു മുൻപ് തന്നെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിൽ പൂക്കൾ വിടർന്നിരുന്നു. അതിനാൽ കൂടുതൽ പേർ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽ വിസ്മയം കാണാനായി എത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തോളമായി കേട്ടറിഞ്ഞു കൂടുതൽ ആളുകൾ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം കാണാനായി എത്തുന്നുണ്ട് എന്ന് അനിൽ പറഞ്ഞു. വള്ളത്തിൽ സഞ്ചരിച്ചു ആമ്പൽ പൂക്കൾ അടുത്തു കാണുന്നതിനും സൗകര്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമുൾപ്പടെയുള്ള വിനോദ സഞ്ചാരികളും ഫോട്ടോഷൂട്ടുകൾക്കായും ആളുകൾ എത്തിയിരുന്നു. കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം ഇനി മലരിക്കലിലും അമ്പാട്ടുകടവിനുമൊപ്പം കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും കാണാനുള്ള അസുലഭ നിമിഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. 



മൂന്നാറിന് സഞ്ചാരികളെ സമ്മാനിച്ച നീലക്കുറിഞ്ഞി പോലെയാണ് കോട്ടയത്തിനു ആമ്പൽ വിസ്മയം. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഒക്ടോബർ മാസത്തോടെ കർഷകന്റെ കലയായ ആമ്പൽ കളനാശിനി തളിച്ച് നശിപ്പിക്കുകയും നെൽ കൃഷിക്കായി പാടശേഖരം ഉഴുതുമറിക്കുകയും ചെയ്യും. ഇനി ഒന്നര മാസം കൂടി മാത്രമാകും ഈ ദൃശ്യവിസ്മയം നേരിൽ കണ്ടു ആസ്വദിക്കാനാകുക. 

ചിത്രം: രാഗേഷ് വാസുദേവൻ, സിബി കെ തമ്പി.