കോട്ടയം: സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബാബറി ഗിരീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ്സ് ഉടമ പറഞ്ഞിരുന്നത്.
എന്നാൽ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും മോട്ടോർ വാഹന വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. ലംഘനം നടത്തിയതിന്റെ പേരിൽ നിരവധി തവണ മോട്ടോർ വാഹന വകുപ്പ് ബസ്സിന് പിഴ ചുമത്തുകയും ബസ്സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സർക്കാർ നടപടികൾക്കെതിരെ ഗിരീഷ് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി സർക്കാർ വാദം അംഗീകരിച്ചിരിക്കുന്നത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ ഗവർണമെന്റ് പ്ലീഡർ പി.സന്തോഷ് കുമാറാണ് ഹാജരായത്.