തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുന്നു. മസ്റ്ററിങ്ങിനു ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കിയതായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണു ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്. ഓരോ ജില്ലകളിലും മസ്റ്ററിങ്ങിനായി പ്രത്യേകം സമയക്രമങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്ങിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനിയും മസ്റ്റർ ചെയ്യാനുള്ളത്. റേഷൻ കടകൾക്കു പുറമേ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും ആവശ്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകൾ നടത്താമെന്നും വകുപ്പ് അറിയിച്ചു. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്.