കോട്ടയം: കോട്ടയത്ത് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സ് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി. കോട്ടയം വടവാതൂർ സ്വദേശി ജോയി (54)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കെ കെ റോഡിൽ കോട്ടയത്ത് മനോരമ ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ്സിന് അടിയിൽ കുടുങ്ങിയ ജോയിയെ മീറ്ററുകളോളം വലിച്ചു നീക്കിയ ശേഷമാണ് ബസ്സ് നിന്നത്. ബസ്സ് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന പുള്ളത്തിൽ എന്ന സ്വകാര്യ ബസ്സാണ് ബൈക് യാത്രികനെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സെക്യൂരിറ്റി ജീവനക്കാരനാണു ജോയി.