സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.