ഫോൺ ചോർത്തൽ: നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ കറുകച്ചാൽ പൊലീസ് കേസെടുത്തു, പരാതി നൽകിയത് പൊതുപ്രവർത്തകനായ തോമസ് പീലിയാനിക്കൽ.


കറുകച്ചാൽ: ഫോൺ ചോർത്തിയെന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ വെളിപ്പെടുത്തലിൽ പൊതുപ്രവർത്തകനായ തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസ് കേസെടുത്തു.

 

 പി.വി അൻവർ ഒരു പൊതുപ്രവർത്തകനാണെന്നും ഒരിക്കലും ഒരു പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും കൂടാതെ ഇത് പരസ്യമായി പറയുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് ഒരു പൊതുപ്രവർത്തകന് ചേരുന്നതല്ലെന്നും തോമസ് പീലിയാനിക്കൽ പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അതേസമയം പി.വി അൻവർ എംഎൽഎക്കെതിരായ ഫോൺ ചോർത്തൽ കേസിൽ ഉന്നത ഇടപെടലെന്ന് ആരോപണം. ഫോൺ ചോർത്തൽ സംബന്ധിച്ച് ഡിജിപിക്ക് സെപ്റ്റംബർ അഞ്ചിന് ത​ന്നെ പരാതി ലഭിച്ചിരുന്നു. സമാനമായ അന്വേഷണം ഡിജിപി തലത്തിലുള്ള സമിതി നടത്തുന്നതിനാൽ പരാതി കോട്ടയം എസ്പിക്ക് കൈമാറിയില്ല. അൻവറിന് എൽഡിഎഫുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് പരാതി കൈമാറിയത്. ഇന്നലെ കൈമാറിയ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പരാതി കിട്ടിയത് ശനിയാഴ്ച 8.20നാണെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.