കവിയൂർ പൊന്നമ്മ അന്തരിച്ചു, കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു, സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയിൽ എത്തി, യാത്രയാകുന്നത് സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയ


കൊച്ചി: മലയാള സിനിമയുടെ അമ്മക്ക് വിട, യാത്രയാകുന്നത് സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാൾ. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യം വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 79 വയസ്സായിരുന്നു. ചെറിയ പ്രായത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. മലയാള സിനിമയിൽ 65 വർഷം പൂർത്തിയാക്കിയ നടിയാണ് പൊന്നമ്മ. 50 ഓളം ചിത്രങ്ങളിൽ മോഹൻലാലിന്റെ അമ്മയായി വേഷമിട്ടിട്ടുണ്ട്. സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളായി പൊന്നമ്മ മാറിയിരുന്നു. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ നേടിയിട്ടുണ്ട്. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. വിവാഹിതയായ ഒരു മകളുണ്ട് (അമേരിക്കയിലാണ്). തന്റെ ആദ്യ നായികാ ചിത്രമായ റോസിയുടെ നിർമ്മാതാവായ മണിസ്വാമി സെറ്റിൽ വെച്ചാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷേ ആ ബന്ധം നിരാശാജനകമായിരുന്നു. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. 1962 ൽ ആണ് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു, വന്നു. അത്രമാത്രമായിരുന്നു ആ അഭിനയം. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ (1971,72,73,94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം.