ക്യാരറ്റ് വാരിയെടുത്തത് ചോദ്യം ചെയ്തു: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്.


റാന്നി: ക്യാരറ്റ് വാരിയെടുത്തത് ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.ഐ ക്കടുത്തായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ്, അനിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി സ്കൂട്ടറിൽ കടയിലെത്തിയ പ്രദീപ് കാരറ്റ് വാരിയെടുക്കുന്നത് അനിൽ ചോദ്യം ചെയ്യുകയും ഇതിൽ പ്രകോപിതരായി ഇരുവരും അനിലിനെ മർദിക്കുകയും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണം കണ്ടു തടയാനെത്തിയപ്പോഴാണ് മഹാലക്ഷ്മിക്ക് പരിക്കേറ്റത്.