ചങ്ങാതി മികവുത്സവം; കുറവിലങ്ങാട് പരീക്ഷ എഴുതിയത് 428 അതിഥി തൊഴിലാളികൾ.


കോട്ടയം: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തിൽ പരീക്ഷ എഴുതാൻ എത്തിയത് 428 പേർ. 



വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ  മൂന്ന് മാസം കൊണ്ട് മലയാളം പഠിപ്പിക്കുകയായിരുന്നു ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം. അസം, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് പഠിതാക്കളിൽ അധികവും. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയ 502 പേരിൽ 428 പേരാണു പരീക്ഷ എഴുതിയത്. പ്രത്യേകം തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ പരിശീലകരാണ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ഒഴിവു വേളകളും ഞായറാഴ്ചകളും പഠന ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തി. തൊഴിലുടമകളുടെ സഹകരണത്തോടെയാണ് പഠന ക്ലാസുകൾ ക്രമീകരിച്ചത്. മികവുത്സവത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നല്കും. മികവുത്സവത്തോട് അനുബന്ധിച്ച് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ചേർന്ന സമ്മേളനം പ്രസിഡന്റ് മിനി മത്തായി അതിഥി തൊഴിലാളി പഠിതാവിന് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൺസാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്് കമ്മിറ്റി ചെയർപേഴ്സൻ ടെസ്സി സജീവ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോയ്സ് അലക്സ്, ബിജു ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീനാ മാത്യൂ, പദ്ധതി കോർഡിനേറ്റർ യു.ഡി മത്തായി, ഇൻസ്ട്രക്ടർമാരായ സിബി തോമസ്, ഷാജി മാത്യൂ, അജോ ജോസ്, ലിജോ തോമസ്, ചിഞ്ചമ്മ ജോസ്, സിന്ധു രവീന്ദ്രൻ, സിന്ധു സലിംകുമാർ, കെ.എസ് തോമസ് , റിജോ ജോസഫ്, എം.വി സുരേഷ്‌കുമാർ, നവീൻ തോമസ്, എം.രാഹുൽ ബാവു, ടി.ടി അനീഷ് , ഷാജു സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.