മണർകാട്: എട്ടുനോമ്പ് പെരുന്നാളിന് വിശ്വാസി സഹസ്രങ്ങളെ വരവേൽക്കാൻ പുതുമോടിയിൽ മണർകാട് കത്തീഡ്രൽ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടു നോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ യാണ്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഇവിടേക്കെത്തുക. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശൈലിയിൽ നിർമിച്ചിരിക്കുന്ന ദേവാലയത്തിന്‍റെ പഴമയും പൗരാണികതയും നഷ്ടപെടാതെയാണ് മോടികൂട്ടിയിരിക്കുന്നത്. കത്തീഡ്രലിന്‍റെ ഉൾഭാഗത്തെ പാനലിങ്, ലൈറ്റിങ് ഉൾപ്പെടെയുള്ള നവീകരണ പണികളാണ് കഴിഞ്ഞ 2 മാസം കൊണ്ടു പൂർത്തീകരിച്ചത്. പള്ളിയുടെ ഉൾഭാഗത്ത് തേക്ക് തടി കൊണ്ടുള്ള വോൾ പാനലിങ്ങും റൂഫിങും ചെയ്തു. മേൽക്കൂരയിൽ കൂടുതൽ അലങ്കാരങ്ങൾ വരച്ചു വർണാഭമാക്കിയിട്ടുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ മാർബിൾ ഡിസൈൻ നൽകി. തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആർച്ചുകൾക്ക് സ്വർണവർണ അലങ്കാരങ്ങളും ഒപ്പമുണ്ട്. സെപ്റ്റംബർ 7 നാണു നടതുറക്കൽ. പള്ളിയുടെ പ്രധാന മദ്ഹബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണ്. സെപ്റ്റംബർ 6 നാണു കുരിശുപള്ളികളിലേക്കുള്ള ചരിത്ര പ്രസിദ്ധമായ റാസാ. ഏഷ്യയിലെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ആദ്ധ്യാത്മിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് മുത്തുകുടകളും, നൂറു കണക്കിന് പൊൻ, വെള്ളി കുരിശുകളുമേന്തി വിശ്വാസ സഹസ്രങ്ങൾ അണിനിരക്കും. പ്രദക്ഷിണം കണിയാംകുന്ന് മണർകാട് കവല, കരോട്ടെ പള്ളി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്ക് ശേഷം മൂന്ന് കിലോമീറ്ററിലേറെ സഞ്ചിച്ചാണ് തിരകെ പള്ളിയിലെത്തുന്നത്. അംശ വസ്ത്രങ്ങളണിഞ്ഞ വൈദികർ വിശ്വാസികളെ ആശീർവദിക്കും.ജാതിമത ഭേദമെന്യേ പതിനായിരക്കണക്കിന് തീർഥാടകർ ആണ് ദൈവമാതാവിനോട് പ്രാർത്ഥിക്കാനും അനുഗ്രഹ സാക്ഷ്യങ്ങൾ പറയാനായി എത്തുന്നത്.