ഒടുവിൽ പിടിയിൽ! ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ മണിമല പോലീസ് പിടികൂടി.


കോട്ടയം: ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ ഒടുവിൽ മണിമല പോലീസ് പിടികൂടി. പൂവരണി  പൈക ഭാഗത്ത് മാറാട്ട്കളം ട്രിനിറ്റി വീട്ടിൽ ജോയൽ ജോസ് ജോർജ് (28) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

 

 നാളുകളായി കൃത്യം തുകയ്ക്ക് ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും പെട്രോൾ അടിച്ച ശേഷം പമ്പ് ജീവനക്കാരെ കബളിപ്പിച്ചു കടന്നു കളയുകയായിരുന്നു യുവാവിന്റെ രീതി. ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ എത്തി തന്റെ ഹോണ്ടാ സിറ്റി കാറിൽ 4200 രൂപയ്ക്ക് പെട്രോൾ അടിക്കും. പണം യു പി ഐ വഴി അയച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ പമ്പ് ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയത്തിനിടെ ഇയാൾ കാറുമായി കടന്നു കളയുകയായിരുന്നു. വാഹനത്തിന്റെ നമ്പർ വ്യാജമായിരുന്നു. തുടർന്ന് ജില്ലയിലെ വിവിധ പമ്പുകളിൽ ഇയാൾ ഇതേപോലെ കബളിപ്പിക്കൽ നടത്തിയിരുന്നു. അപ്പോഴും വാഹനത്തിന്റെ നമ്പർ മറ്റൊരു വ്യാജ നമ്പർ ആയിരുന്നു. മണിമലയിലും സമാന സംഭവം ഉണ്ടായതോടെ പമ്പ് ഉടമയുടെ പരാതിയിൽ മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് എറണാകുളത്തു നിന്നുമാണ് ഇയാളെ മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുന്നതിനുവേണ്ടി  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു. വാഹനത്തിന്റെ ഡിക്കിയിൽ നിന്നും വിവിധ വ്യാജ നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ്, സി.പി.ഓ മാരായ ജോബി, ബിജേഷ്, അഭിലാഷ്, സോബിൻ പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. വെള്ള നിറമുള്ള ഹോണ്ട സിറ്റി കാർ ആയിരുന്നു ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. മാമ്മൂട്, തിരുവഞ്ചൂർ, ചങ്ങനാശേരി, എരുമേലി, മണിമല ഭാഗങ്ങളിലെ പമ്പുകളിലാണ് തട്ടിപ്പ് നടന്നത്.