കോട്ടയം: ശാസ്ത്ര സാങ്കേതിക മേഖലയിൽ മികച്ച സംഭാവന നൽകുന്ന യുവശാസ്ത്രജ്ഞർക്കുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരമായ രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരം സ്വന്തമാക്കി കോട്ടയം പാലാ സ്വദേശി. പാലാ ഭരണങ്ങാനം സ്വദേശിയായ കൊല്ലംപറമ്പിൽ റോക്‌സി മാത്യു കോൾ(45)ആണ് രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരത്തിനു അർഹനായത്.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം സമ്മാനിച്ചു. ഭൗമശാസ്ത്ര മേഖലയിലാണ് കോട്ടയം ഭരണങ്ങാനം സ്വദേശി റോക്‌സി മാത്യു കോളിന് പുരസ്‌കാരം ലഭിച്ചത്. പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയോറോളജിയിലെ (IITM-Indian Institute of Tropical Meteorology) കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് റോക്‌സി.
റോക്‌സി മാത്യു കോളിനും ചന്ദ്രയാന്‍-3 ന്റെ ശാസ്ത്രജ്ഞന്‍ ഗോവിന്ദരാജന്‍ പദ്മനാഭനും ഉള്‍പ്പെടെ 32 പേര്‍ക്ക് ആണ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിഗ്യാന്‍ പുരസ്‌കാരം ലഭിച്ചത്. ജപ്പാനിലെ ഹോക്കിയാഡോ സര്‍വകലാശാലയില്‍നിന്നു സമുദ്ര കാലാവസ്ഥാപഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് റോക്‌സി. ഇന്തോ- പസഫിക് മേഖലയിലെ കാലാവസ്ഥാപ്രവചനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ യുവ ശാസ്ത്രജ്ഞനാണ്. ഇന്ത്യന്‍ സമുദ്രമേഖലയ്ക്കായി പ്രഥമ കാലാവസ്ഥാ മോഡല്‍ വികസിപ്പിച്ചു. ഇപ്പോള്‍ കാലാവസ്ഥാമാറ്റവും മണ്‍സൂണും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരില്‍ ഒരാളായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്.