കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ പിതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു.
ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുലും കാൻസർ രോഗബാധിതനായ പിതാവും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ മകൻ രാഹുൽ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തി ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഷാജി ഇന്നു രാവിലെ 8 മണിയോടെ മരിച്ചു. 2 ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. രാഹുലിനെ പൊൻകുന്നം പോലീസ് കസ്റ്റഡിയിൽ എടുത്തു. കമ്പിപ്പാര വീട്ടുമുറ്റത്ത് നിന്നും പോലീസ് കണ്ടെടുത്തു.