തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപ്പത്രക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു.
രജിസ്ട്രേഷൻ, ട്രഷറി, സ്റ്റാമ്പ് ഡിപ്പോ മേധാവികളുടെ യോഗത്തിൽ ചെറിയ മൂല്യങ്ങളുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുള്ള പ്രദേശങ്ങളിൽ അവ എത്രയും പെട്ടെന്ന് എത്തിച്ച് വിതരണം ചെയ്യാൻ മന്ത്രി നിർദേശം നൽകി. ട്രഷറി വകുപ്പാണ് സ്റ്റാമ്പ് ഡിപ്പോ മുഖേന സംസ്ഥാനത്ത് മുദ്രപ്പത്രം വിതരണ നടത്തുന്നത്. ഇ- സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി മുദ്രക്കടലാസുകൾ അച്ചടിക്കുന്നില്ല. അതുകൊണ്ട് കൂടുതൽ സ്റ്റോക്കുള്ള ജില്ലകളിലെ ട്രഷറികളിൽ നിന്നും ദൗർലഭ്യമുള്ള സ്ഥലങ്ങളിലേക്ക് മുദ്രപ്പത്രങ്ങൾ എത്തിച്ച് പ്രശനത്തിന് പരിഹാരം കാണാനും നിർദേശിച്ചിട്ടുണ്ട്. ഇ- സ്റ്റാമ്പിങ് ഏർപ്പെടുത്തുന്ന നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനമെടുത്തു.