കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മാറി മേരീക്വീൻസ് ജീവനക്കാരൻ, ആദരവുമായി മേരീക്വീൻസ് ആശുപത്രി.


കാഞ്ഞിരപ്പള്ളി: ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മാറിയ മേരീക്വീൻസ് ജീവനക്കാരന് ആദരവുമായി മേരീക്വീൻസ് ആശുപത്രി. പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാ കാര്യങ്ങളുമായി എത്തിയത് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ ആണ്.

 

 കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ. വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല.

ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു അത് വഴി വന്ന ഓട്ടോയിൽ കയറി താൻ ജോലി ചെയ്യുന്നതും സമീപത്തുള്ളതുമായ മേരീക്വീൻസ് ആശുപത്രിയിൽ എത്തിച്ചു. കോട്ടയത്ത് പഠിക്കുന്ന പാറത്തോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബസ് ഇറങ്ങിയ ശേഷം കടുത്ത പനി മൂലം വഴിവക്കിൽ ബോധരഹിതയായി വീണു കിടന്നത്.

ആശുപത്രിയിൽ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ഉറപ്പാക്കി പെൺകുട്ടിയുടെ വീട്ടുകാർ എത്തിയതിനു ശേഷമാണ് കിരൺ മടങ്ങിയത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കിരൺ കമാലിന് മേരീക്വീൻസ് ആശുപത്രിയുടെ ആദരവ് ആശുപത്രി ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ കൈമാറി.