ഇത് മലയാളി ഫ്രം ഇന്ത്യ! ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്, ചരിത്രമെഴുത


കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദവും. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

 

 എൻ എച് എസ്സിൽ  മെന്റൽ ഹെൽത്ത് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ തുടർച്ചയായ ഭരണത്തിന് വിരാമമിട്ട് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പി യായി ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായാണ് സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എം.പി. ഡാമിയൻഗ്രീനിൻ്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് എന്ന കോട്ടയംകാരൻ പിടിച്ചെടുത്തത്. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യംകുറിച്ചാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. വിജയ വാർത്തായറിഞ്ഞതോടെ സന്തോഷത്തിലാണ് ഏറ്റുമാനൂരിലുള്ള ബന്ധുക്കൾ. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഏറ്റുമാനൂർ കൈപ്പുഴ ചമക്കാലായിൽ ജോസഫ്-എലിക്കുട്ടി ദമ്പതികളുടെ മകനാണ് സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.