സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ, മസ്റ്ററിംഗ് നടത്തുന്നതിന് അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം.


കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കുന്ന ക്ഷേമ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവൻരേഖ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ  നടത്താം.

 

 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ വിവിധ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക.

 

 ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമ നിധി ബോർഡ് ഗുണഭോക്താക്കൾ, 85  വയസ്സ് കഴിഞ്ഞവർ, 80  ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, കിടപ്പു രോഗികൾ, മസ്റ്ററിംഗ് പരാജയപ്പെടുന്നവർ തുടങ്ങിയവർ അതാതു തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിങ്ങ് നടത്തേണ്ട വിഭാഗക്കാർക്ക് 50  രൂപയുമാണ് ഫീസ്. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതിന് അനുമതിയുള്ളത്. പല അനധികൃത ഓൺലൈൻ  കേന്ദ്രങ്ങളും മസ്റ്ററിംഗ് എന്ന പേരിൽ ജീവൻ പ്രമാൺരേഖ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മസ്റ്ററിങ്ങ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.