മുണ്ടക്കയത്ത് ദേശീയ പാതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.


മുണ്ടക്കയം: മുണ്ടക്കയത്ത് ദേശീയ പാതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ പാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ മുണ്ടക്കയത്തിനും പെരുവന്താനത്തിനുമിടയിലായിരുന്നു കാർ അപകടകരമായ രീതിയിൽ ഓടിച്ചത്.

 

 പിന്നിലെത്തിയ വാഹനത്തിലെ യാത്രക്കാർ ദൃശ്യങ്ങൾ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയുമായിരുന്നു. വാഹനം എതിർദിശയിലേക്ക് കയറുന്നതും റോഡിൽ വട്ടം കറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ-ദൃശ്യ മാധ്യമങ്ങളിലും പങ്കുവെച്ചതോടെ പോലീസ് വാഹനം തേടിയിറങ്ങുകയായിരുന്നു.

 

 പോലീസിന്റെയും ഹൈവേ പോലീസിന്റെയും പരിശോധനയ്‌ക്കൊടുവിൽ കൊടികുത്തിക്ക് സമീപത്തു നിന്ന് കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നു പോലീസ് പറഞ്ഞു. കുമളി സ്വദേശിയായ ഷിജിൻ ഷാജിയാണ് വാഹനം അപകടകരമായി ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യം കൊണ്ട് മാത്രമാണ് എതിരെയെത്തിയ വാഹനങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.