ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടി, 2 പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.


ഏറ്റുമാനൂർ: ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ 2 പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്.

 

 പേരൂർ 101 കവല ശങ്കരാമലയിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ചേമ്പളം കൗണ്ടി കിഴക്കേകൊഴുവനാൽ ജെസി ജോസഫ് (54) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള ചാരിറ്റി സംഘടനയിലൂടെ വിദേശത്തു നിന്നും പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സ്, സർവീസ്ചാർജ് എന്നിവയിലേക്കായി പണം അടയ്ക്കുന്നതിന് പൈസ തന്നാൽ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷന്‍ തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

 

 പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. പണം തിരികെ നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.  ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഓ മാരായ സുമിത, ലിഖിത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.