മൂന്നു വയസ്സുകാരൻ മകന് കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളുമായി വന്നു പോയിട്ട് ഒരു വർഷം, കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച പായിപ്പാട് സ്വദേശി ഷിബു വർഗീസി


ചങ്ങനാശ്ശേരി: മൂന്നു വയസ്സുകാരൻ മകന് കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളുമായി വന്നു പോയിട്ട് ഒരു വർഷം. ഒരു മാസം കുഞ്ഞിനും ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പമുണ്ടായിരുന്ന ഷിബു കഴിഞ്ഞ ജൂലൈയിലാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ചങ്ങനാശേരി പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്റെ (38) സംസ്കാരം ഞായറാഴ്ച നടക്കും.

 

 മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഭാര്യ റോസി കുഞ്ഞുമായി തൃക്കൊടിത്താനത്തെ കുടുംബവീട്ടിലാണ് താമസം. പായിപ്പാട്ടെ വീട്ടിൽ‌ ഷിബുവിന്റെ സഹോദരൻ ഷിനുവാണ് താമസം. ആദ്യം ഷിബുവിന്റെ ഭാര്യയെ മരണ വാർത്ത അറിയിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ എത്തിച്ച ഷിബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ റോസിയുമെത്തിയിരുന്നു.

 

 മൂന്നു വയസ്സുകാരൻ മകൻ എയ്ഡനൊപ്പം നെഞ്ചു തകർന്നു കരഞ്ഞ ഭാര്യ റോസിയെ സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. കുവൈത്തിലുള്ള ഷിബുവിന്റെ മൂത്തസഹോദരൻ ഷിജുവാണ് മരണവിവരം നാട്ടിൽ വിളിച്ചറിയിച്ചത്. ഇരുവർക്കും ഒരേ കമ്പനിയിലായിരുന്നു ജോലി. ഷിബുവിന്റെ ഫ്ലാറ്റിനു സമീപത്ത് തന്നെയാണ് ഷിജു കുടുംബസമേതം താമസിച്ചിരുന്നത്. അപകട വാർത്തയറിഞ്ഞു ഓടിയെത്തിയ ഷിജു കണ്ടത് നെഞ്ചു പിളർക്കുന്ന കാഴ്ചയായിരുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നഴ്സാണ് ഷിബുവിന്റെ ഭാര്യ റോസി. ഷിബു വർഗീസിന്റെ മൃതദേഹം നാളെ രാവിലെ 8ന് പായിപ്പാട് മച്ചിപള്ളിയിലെ വീട്ടിലെത്തിക്കും. രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിലാണ് സംസ്കാരം.