അപകടത്തിന് ഒന്നര മണിക്കൂർ മുൻപ് മകൻ ഓർഡർ ചെയ്ത ഷർട്ടുമായി വിതുമ്പി മാതാപിതാക്കൾ, കുവൈത്ത് തീപിടിത്തത്തിൽ മരിച്ച സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം


കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ അബ്രഹാം സാബുവിനെ മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിക്ക് മുൻപിൽ കുവൈത്തിൽ ജോലി ചെയ്യുന്ന സുഹൃത്ത് കാത്തു നിന്നത് അപകടത്തിന് ഒന്നര മണിക്കൂർ മുൻപ് ഓർഡർ ചെയ്ത ഷർട്ടുമായി.

 

 കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) ആണ് കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടത്. അപകടത്തിന് ഒന്നര മണിക്കൂർ മുൻപാണ് സ്റ്റെഫിൻ ഓൺലൈനിൽ 2 ഷർട്ട് ഓർഡർ ചെയ്തത്. കുവൈത്തിൽ ജോലി ചെയ്യുന്ന സുഹൃത്ത് തിരുവല്ല സ്വദേശി ഷാജിയോട് തിരികെ കുവൈത്തിലേക്ക് എത്തുമ്പോൾ ഷർട്ട് കൊണ്ട് വരണമെന്നും സ്റ്റെഫിൻ പറഞ്ഞിരുന്നു. പാമ്പാടിയിലെ സ്റ്റെഫിന്റെ വീട്ടിലെത്തി ഷാജി മാതാപിതാക്കൾക്ക് ഷർട്ട് കൈമാറി.

 

 കഴിഞ്ഞ ദിവസമാണ് ഷർട്ട് ലഭിച്ചത്. കുവൈത്തിലെ ആശുപത്രിയിൽ റേഡിയോഗ്രഫറായ ഷാജി അവധി കഴിഞ്ഞ് ഇന്നു കുവൈത്തിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ പാമ്പാടി വിശ്വഭാരതി കോളേജിന് സമീപമുള്ള ഭവനത്തിലും എംജിഎം ഹൈസ്കൂളിന് സമീപം പുതിയതായി നിർമ്മിച്ച വീട്ടിലും മൃതദേഹം കുറച്ചു സമയം വെയ്ക്കുന്നതും തുടർന്ന് എംജിഎം ഹൈസ്കൂളിന് സമീപം പോരാളൂരിലുള്ള ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്. നാട്ടിലും വിദേശത്തും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു സ്റ്റെഫിൻ. അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെയാണ് സ്റ്റെഫിനെ മരണം കവർന്നെടുത്തത്. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അടുത്ത മാസം നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ചാണ് സ്റ്റെഫിൻ യാത്രയാകുന്നത്.