വാടക വീട്ടിൽ നിന്നും മാറി സ്വന്തമായി ഒരു വീട്, സ്റ്റെഫിൻ മടങ്ങുന്നത് പുതിയ വീടെന്ന സ്വപ്നം ബാക്കിയാക്കി.


കോട്ടയം: ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും മാറി സ്വന്തമായി ഒരു വീട് വേണം എന്നത് സ്റ്റെഫിന്റെ വളരെക്കാലമായുള്ള സ്വപ്നമായിരുന്നു. വീടിന്റെ പണികൾ ആരംഭിച്ചത് മുതൽ എന്നും മാതാപിതാക്കളെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും വീഡിയോ കോളിലൂടെ പണികൾ എത്രത്തോളമായി എന്ന് കാണുകയും ചെയ്തിരുന്നു.

 

 കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ആണ് കോട്ടയം പാമ്പാടി ഇരുമാരിയേൽ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനായ സ്റ്റെഫിൻ എബ്രഹാം സാബു (29) മരണപ്പെട്ടത്. അടുത്ത മാസം സഹോദരനൊപ്പം വീട്ടിലേക്ക് വരാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു സ്റ്റെഫിൻ.

 

 പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സ്റ്റെഫിന്റെ മൃതദേഹം ആദ്യം വാടകവീട്ടിലും പിന്നീട് പണിതീരാത്ത സ്വന്തം വീട്ടിലും എത്തിക്കും. നാടിനും സുഹൃത്തുക്കൾക്കും എന്നും പ്രിയങ്കരനായിരുന്നു സ്റ്റെഫിൻ. മരണവാർത്തയറിഞ്ഞതോടെ വീട്ടിലേക്ക് ഓടിയെത്തിയ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയായിരുന്നു. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്.