കോട്ടയത്ത് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി, അപാകതകളേറെ, 15 ഹോട്ടലുകൾക്കെതിരേ നോട്ടീസ് നൽകി.


കോട്ടയം: കോട്ടയത്ത് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. പരിശോധനയിൽ വൃത്തിഹീനമായി അടുക്കള പ്രവർത്തിക്കുന്നതും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാതിരിക്കുന്നതും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമുൾപ്പടെ നിരവധി പോരായ്മകളാണ് കണ്ടെത്തിയത്.

 

 നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ റീജെൻസിയിൽ നിന്ന് രണ്ട് കിലോ പഴകിയ ബിരിയാണിയും, കെ ആർ ബേക്കേഴ്‌സിൽ നിന്ന് പുനരുപയോഗ്യമല്ലാത്ത 500 പേപ്പർ കപ്പും പിടിച്ചെടുത്തു. കുമാരനല്ലൂർ, നാട്ടകം ഭാഗങ്ങളിലെ 15 ഹോട്ടലുകൾക്കെതിരേ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. ബേക്കർ ജങ്ഷനിൽ പ്രവർത്തിക്കുന്ന ആര്യാസ്, നാഗമ്പടം ബസ്സ് സ്റ്റാൻഡിലെ ഹോട്ടൽ റീജൻസി, ഹോട്ടൽ രമ്യ, ഹോട്ടൽ സാമ്രാട്ട്, സീസർ പാലസ്, കെ.ആർ.ബേക്കേഴ്സ്, ശക്തി ടൂറിസ്റ്റ് ഹോം എന്നീ ഹോട്ടലുകൾക്കാണ് അപാകതകൾ പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയം നൽകിയിരിക്കുന്നത്.

 

 അപാകതകൾ പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയമാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്നതെന്നും ചില ഹോട്ടലുകൾ പൂട്ടുന്നതിന് നോട്ടീസ് നൽകുമെന്നും നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ പറഞ്ഞു. ടി.ബി.റോഡിൽ പ്രവർത്തിക്കുന്ന ഇംപീരിയൽ ഹോട്ടൽ, ബസന്ത് ഹോട്ടൽ, കെ.കെ. പ്ളാസ ഹോട്ടൽ, ഇന്ത്യൻ കോഫി ഹൗസ്, ഗ്രാൻഡ് അംബാസഡർ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കാന്റീൻ എന്നീ ഹോട്ടലുകൾ ആണ് താത്കാലികമായി അടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ട് സ്ക്വാഡുകളായിട്ടായിരുന്നു നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന.