ജനറൽ ആശുപത്രി പുതിയ കെട്ടിടം: മണ്ണ് നിക്ഷേപിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കും.


കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബി നിർമിക്കുന്ന മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണത്തിനായി നീക്കം ചെയ്യുന്ന മണ്ണ് താൽക്കാലികമായി നഗരത്തിനുള്ളിൽ തന്നെയുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നതിനായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ ധാരണയായി.

 

 ഏറ്റുമാനൂർ, കോട്ടയം നിയോജകമണ്ഡലങ്ങളിലെ റോഡുകൾ അടക്കമുള്ള വികസനപ്രവർത്തനങ്ങൾക്ക് മണ്ണ് ഉപയോഗിക്കാനായിരുന്നു കഴിഞ്ഞ അവലോകനയോഗത്തിൽ തീരുമാനമെടുത്തിരുന്നത്. ഇതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ അറിയിച്ചു. എന്നാൽ നിലവിൽ രണ്ടുനിയോജകമണ്ഡലങ്ങളിലും മണ്ണു നികത്തൽ ആവശ്യമായ റോഡ് നിർമാണപ്രവർത്തികൾ നടക്കുന്നില്ല എന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അറിയിച്ച സാഹചര്യത്തിലാണ് ആശുപത്രി നിർമാണനടപടികൾ വേഗത്തിലാക്കാൻ താൽക്കാലിക സംവിധാനം ഒരുക്കാൻ യോഗത്തിൽ ധാരണയായത്.

 

 ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർ, പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇൻകെൽ, കരാറുകാർ എന്നിവരുമായി ജില്ലാ കളക്ടർ ഉടൻ തന്നെ ചർച്ച നടത്തും. ചെറിയ ദൂരത്തിൽ മണ്ണ് നീക്കുകയാണെങ്കിൽ ഗതാഗതച്ചെലവ് തങ്ങൾ വഹിക്കുമെന്ന് കരാറുകാർ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങളാൽ പ്രവർത്തികൾ നീണ്ടുപോയ സാഹചര്യത്തിൽ മണ്ണ് നീക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നു ഇൻകെൽ പ്രതിനിധി ആവശ്യപ്പെട്ടു. നഗരത്തിനുള്ള കണ്ടെത്തുന്ന പ്രദേശത്തു മണ്ണു താൽക്കാലികമായി നിക്ഷേപിച്ചശേഷം റോഡ്് നിർമാണത്തിന് ആവശ്യമായി വരുന്നപക്ഷം ഉപയോഗിക്കാനാണ് യോഗത്തിലെ ധാരണ. 2026 ജനുവരിയിൽ പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനത്തിനു സജ്ജമാകണമെന്നും ഇൻകെലും കരാറുകാർക്കും ആയിരിക്കും ഇതുറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കെട്ടിടത്തിനായി പൈലിങ് ജോലികൾ നടക്കുമ്പോൾ രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പൈലിങ് സമയത്ത് എല്ലാ സുരക്ഷാമുൻകരുതലുകളും എടുക്കണമെന്നും രോഗികൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും മന്ത്രി നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജിനുള്ളിൽ മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർക്ക് നായയുടെ കടിയേറ്റ സന്ദർഭത്തിൽ ജനറൽ ആശുപത്രിയിലും സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തും നഗരസഭയും മുൻകൈയെടുക്കണം. ജില്ലാ കളക്ടറും ആശുപത്രി വികസന സമിതിയുമായും ചർച്ചചെയ്ത് മുൻകരുതൽ നടപടികൾ എടുക്കമണമെന്നും മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു. കിഫ്ബിയിൽ നിന്ന് 129.89 കോടി രൂപ ചെലവിലാണ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കുന്നത്. അർദ്ധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി. ഡിപ്പാർട്ടുമെന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തീയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി.-ഐ.പി, സി.ടി, എം.ആർ.ഐ. മെഷിനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. ശാന്തി, ഇൻകെൽ പ്രോജക്ട് മാനേജർ കെ.എസ്. ശ്യാംകുമാർ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിനോദ്,  ജല അഥോറിട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ. ഷമ്‌നാദ്, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ.പി. സിബി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മായ വി. നായർ, ആശുപത്രി വികസന സമിതിയംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, ലൂയിസ് കുര്യൻ, എം.കെ. പ്രഭാകരൻ, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ എന്നിവർ പങ്കെടുത്തു.