പാമ്പാടി: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു താൻ ഏറ്റവുമധികം ആഗ്രഹിച്ചു നിർമ്മിക്കുന്ന സ്വപ്നഭവനത്തിൽ ഒരിക്കൽകൂടിയെത്തി.
ഇത്തവണ തന്റെ സ്വപ്നഭവനം കൺതുറന്നു കാണാനോ ചിത്രങ്ങളെടുക്കാനോ ആയിരുന്നില്ല അവസാനമായി പ്രാർത്ഥനകളോടെ സ്വപ്നഭവനത്തിൽ കുറച്ചു സമയത്തിനു ശേഷം ഉറ്റവരോട് അവസാന യാത്ര പറയാനായിരുന്നു. മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ നിന്നു വിലാപയാത്ര ആദ്യം പാമ്പാടിയിലെ വാടകവീട്ടിലും പിന്നീട് പണി പൂർത്തിയാകുന്ന പേരമ്പ്രാക്കുന്നിലെ വീട്ടിലും എത്തിച്ചു.
പ്രാർത്ഥനകൾക്ക് ശേഷം സെന്റ് മേരീസ് സിഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചു. 1.30നു സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 2.30ന് ഐപിസി ബെഥേൽ സഭയുടെ ഒൻപതാം മൈലിലുള്ള സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. കണ്ണീരോടെയാണ് സ്റ്റെഫിനെ നാട് യാത്രയാക്കിയത്.