'കൊട്ടാറ്റി'യെന്നും 'കൊട്ടാത്തെ'യെന്നും 'ഫോറിൻ' വിളിപ്പേരുകൾ, "കോട്ടയകം" എന്ന മലയാള നാമവും, കോട്ടയത്തിന്റെ പേര് വന്ന വഴി.


കോട്ടയം: കോട്ടയം ജില്ല രൂപീകരിച്ചിട്ട് എഴുപത്തഞ്ചു വർഷമായിരിക്കുന്നു. ജില്ലാ തലത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോഴും മുൻകാലങ്ങളിലും ആരുമധികം ചർച്ച ചെയ്യാത്ത കാര്യമാണ് കോട്ടയത്തിൻ്റെ സ്ഥലനാമം. AD 1550 ൽ കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവദേവാലയമായ വലിയപള്ളിക്കായി അന്നത്തെ തെക്കുംകൂർ രാജാവായ ആദിത്യവർമ്മ കരമൊഴിവായി ഭൂമി നൽകിയതിന്റെ പ്രമാണത്തിലാണ് "കോട്ടയകം" എന്ന സ്ഥലനാമം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത്.

 

 "കൊല്ലം ൭൨൫ മാണ്ടു മീനഞായറ്റില്‍ എഴുതിയ കാരാണ്മയോലക്കാര്യമാവിതു വെണ്പലനാട്ടുടയ കേരളര് ആതിച്ചവര്‍മ്മര് കോവില്‍ അതികാരികളും അനന്തിരവനായ ഇരവി മണികണ്ടര് കോവില്‍ അതികാരികളും തങ്ങള്‍ക്കുള്ള കോട്ടയകത്ത് വെറ്റാര്‍കുന്നാകുന്ന പറമ്പില്‍ വടക്കേഭാഗത്ത്പള്ളി വൈപ്പാനും ....." എന്നാണ് വട്ടെഴുത്തിലുള്ള ആ രേഖയിൽ കാണുന്നത്. അതേ കാലഘട്ടത്തിലും പിന്നീടുമുണ്ടായ പോർട്ടുഗീസ്കാരുടെ രേഖകളിൽ Cottaty (കൊട്ടാറ്റി) എന്നാണ് കോട്ടയത്തെ പരാമർശിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയെത്തിയ ഡച്ചുകാരാവട്ടെ cottate (കൊട്ടാത്തെ) എന്നാണ് കോട്ടയത്തെ വിളിച്ചിരുന്നത്. കോട്ടയം എന്നതിന് കോട്ടയത്തെ, കോട്ടയത്ത് എന്നിങ്ങനെ വാചകങ്ങളിൽ നമ്മൾ പ്രയോഗിക്കുന്നത് കേട്ടിട്ടാവണം ലന്തക്കാർ അങ്ങനെ വിളിക്കാനിടയായത്. ഹേഗിലെ നാഷണൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന AD 1695ൽ നിർമ്മിച്ച ഒരു ഡച്ചു മാപ്പിൽ "Basaar Cottate" എന്നാണ് താഴത്തങ്ങാടിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് മിഷണറിമാരുടെ എഴുത്തുകുത്തുകളിൽ Cotym എന്നാണ് കാണുന്നത്. കോട്ടയം എന്ന പേരിന്റെ തുടക്കം കോട്ടയകം എന്നതിൽ നിന്നാണല്ലോ. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കുംകൂർ രാജവംശം തളിയന്താനപുരം എന്നറിയപ്പെട്ടിരുന്ന തളിയിൽകോട്ട ഭരണ തലസ്ഥാനമായി തെരഞ്ഞെടുത്തു. തളിയിൽ ക്ഷേത്രത്തിന് സമീപത്തായി പണിതുയർത്തിയ കൊട്ടാരങ്ങൾക്കും ഭരണകാര്യാലയങ്ങൾക്കും സംരക്ഷണമായി തളിയിൽകുന്നിന്റെ മുകളിൽ ചുറ്റിലുമായി ചെങ്കല്ലുപയോഗിച്ച് കോട്ട കെട്ടിയുണ്ടാക്കി. ഒന്നര കിലോമീറ്ററോളം ചുറ്റളവുണ്ടായിരുന്ന കോട്ടയ്ക്ക് ചുവട്ടിൽ പന്ത്രണ്ട് കോൽ വീതിയും മുകളിൽ ഏഴു കോൽ വീതിയും പന്ത്രണ്ടടിയോളം ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. ആറു കൊത്തളങ്ങൾ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നു. ചുറ്റിലുമുള്ള കിടങ്ങിൽ മുതലകളെ വളർത്തിയിരുന്നത്രെ. തെക്കുംകൂറിലെ മറ്റു പ്രദേശങ്ങളിൽനിന്ന് ഭരണതലസ്ഥാനത്തേക്ക് വരുന്നവർ കോട്ടയുടെ അകം എന്ന അർത്ഥത്തിൽ തെക്കുംകൂർ രാജധാനിയെ കോട്ടയകം എന്നു വിളിച്ചിരുന്നു. പതിയെ പതിയെ കോട്ടയ്ക്കു പുറത്തുള്ള താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും ഗോവിന്ദപുരവും കാരാപ്പുഴയും വേളൂരും ചാലിയക്കുന്നുമൊക്കെ കോട്ടയകത്തിന്റെ ഭാഗമായി മാറി.  AD 1749 ഡിസംബറിൽ തിരുവിതാംകൂർ സൈന്യം കോട്ട ആക്രമിച്ച് കൊട്ടാരം നശിപ്പിച്ചതോടെയാണ് തെക്കുംകൂർ കീഴടങ്ങുന്നതും തിരുവിതാംകൂറിന്റെ ആധിപത്യത്തിലാകുന്നതും. AD 1880 നോടടുത്ത് കോട്ടയം ഡിവിഷനിലെ ദിവാൻ പേഷ്കാർ സർ.ടി.രാമറാവു തകർന്നു കിടന്ന കോട്ട പൂർണ്ണമായും പൊളിച്ചുനീക്കി. അതോടെ കോട്ടയത്തിന്റെ പേരിന് കാരണമായ ചരിത്രപ്രസിദ്ധമായ തളിയിൽകോട്ട കേട്ടുകേൾവികളിൽ മാത്രമായി. സർ.ടി.രാമറാവു തിരുനക്കര കേന്ദ്രീകരിച്ച് പട്ടണം പുനർനിർവചിക്കുകയും ഡിവിഷൻ ആസ്ഥാനം (ഹജൂർ കച്ചേരി) സ്ഥാപിക്കുകയും ചെയ്തതോടെയാണ് കോട്ടയം പട്ടണത്തിന് കിഴക്കോട്ട് സ്ഥാനമാറ്റം ഉണ്ടാകുന്നത്. ഡിവിഷന്റെ പേര് കോട്ടയം എന്നായതോടെ മൂവാറ്റുപുഴ മുതൽ ചെങ്ങന്നൂർ വരെയും കുമളി മുതൽ കുമരകം വരെയുമുള്ള പ്രദേശത്തുള്ളവരും കോട്ടയംകാരായി. പിൽക്കാലത്ത് ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ രൂപീകരണത്തോടെ ആ ജില്ലകളിലുള്ളവർ കോട്ടയംകാർ അല്ലാതായി മാറി. ഇന്ന് വൈക്കം മുതൽ ചങ്ങനാശ്ശേരി വരെയും മുണ്ടക്കയം മുതൽ കുമരകം വരെയുമുള്ള പ്രദേശത്തുകാർ കോട്ടയം കാരായി അറിയപ്പെടുമ്പോൾ മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് തളിയിൽകോട്ടയിലും അതിനു ചുറ്റുമായി താമസിച്ചിരുന്നവർ മാത്രമാണ് കോട്ടയം കാരായി അറിയപ്പെട്ടിരുന്നത് എന്ന് ഓർക്കേണ്ടതുണ്ട്.

എഴുത്ത്: പളളിക്കോണം രാജീവ്.