കൈ പൊള്ളിച്ചു പച്ചക്കറി വില, 200 നു മുകളിലെത്തി ബീൻസും ഇഞ്ചിയും വെളുത്തുള്ളിയും! കീശ കാലിയാക്കി താളം തെറ്റി അടുക്കള ബഡ്ജറ്റ്.


കോട്ടയം: പച്ചക്കറി വാങ്ങാൻ ഇറങ്ങിയാൽ ഇപ്പോൾ കൈ പൊള്ളും എന്നതിൽ സംശയമില്ല. മിക്ക പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. കീശ കാലിയാക്കിയും അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചും പച്ചക്കറി വില കുതിക്കുകയാണ്. ബീൻസും ഇഞ്ചിയും വെളുത്തുള്ളിയും 200 നു മുകളിൽ എത്തിയിരിക്കുകയാണ്. കൂർക്കയ്ക്കും പച്ചമുളകിനും 100 നു മുകളിലാണ് വില. വെണ്ടയ്ക്ക, ക്യാരറ്റ്, പയർ, കോവയ്ക്ക,തക്കാളി തുടങ്ങി മറ്റു പച്ചക്കറികൾക്കും വില ഉയരുകയാണ്. കുറഞ്ഞു നിന്നിരുന്ന സവോള വിലയും കൂടുകയാണ്. സവോളയ്ക്ക് 40 രൂപ വരെയെത്തി. ചൂട് കൂടിയതോടെ പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ''എല്ലാം കാൽ കിലോ വീതം വാങ്ങിയാലും കൈ പൊള്ളും'' എന്ന് ഉപഭോക്താക്കൾ പറയുന്നു. വില ഉയർന്നതോടെ പച്ചക്കറി വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. ഓരോന്നിന്റെയും വില കേട്ടുകഴിയുമ്പോൾ ചിലർക്ക് കാൽ കിലോ മതി എന്നും മറ്റു പലർക്കും വേണ്ട എന്ന മറുപടിയുമാണ് ലഭിക്കുന്നതെന്ന്‌ പച്ചക്കറി വ്യാപാരികൾ പറയുന്നു. പാവയ്ക്ക വില 120 കഴിഞ്ഞു. പച്ച മാങ്ങയുടെ വില 50-60 രൂപയിൽ തന്നെ നിൽക്കുന്നു. പ്രാദേശികമായി മാങ്ങ ലഭിക്കാൻ തുടങ്ങിയതാണ് മാങ്ങ വില കുറയാൻ കാരണം. വേനൽ കടുത്തതായിരുന്നതിനാൽ പ്രാദേശിക കാർഷിക വിളകൾ ഭൂരിഭാഗവും കരിഞ്ഞുണങ്ങിയിരുന്നു. പയർ,പാവയ്ക്ക എന്നിവയെല്ലാം ഉണങ്ങിക്കരിഞ്ഞു പോയിരുന്നു. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന പരാതി ജനങ്ങൾക്കിടയിലുണ്ട്. ''കറി വെക്കാൻ ഒന്നും വാങ്ങാതിരിക്കാനാവില്ലല്ലോ, ആവശ്യമുള്ള പച്ചക്കറികൾ എല്ലാം തന്നെ കാൽ കിലോ വാങ്ങുമ്പോഴേക്കും രൂപ 400 കടന്നിട്ടുണ്ടാകുമെന്നും പച്ചക്കറികൾ വാങ്ങാനെത്തുന്നവർ പറയുന്നു.