കോട്ടയം: കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മാലിദ്വീപ്, കൊമോറിയൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.