മണിമല: കനത്ത മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയിൽ റോഡിന്റെ തീരമിടിഞ്ഞു. റോഡിൽ ചെറുവള്ളി പള്ളിക്ക് സമീപമായാണി റോഡിന്റെ തീരമിടിഞ്ഞത്. കഴിഞ്ഞ പ്രളയകാലത്ത് ശക്തമായ വെള്ളമൊഴുക്കിൽ ഒഴുക്കിൽപ്പെട്ടു തകർന്നു പോയ ചെറുവള്ളി പാലം നിർമ്മാണം ആരംഭിച്ചിരുന്നു. പാലം പനിയുടെ പ്രവർത്തനങ്ങൾക്കായി റോഡിന്റെ തീരമുൾപ്പടെ കുഴിച്ചിരുന്നു. പണികൾ പുരോഗമിക്കുന്നതിനിടെ ശക്തമായ മഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. തീരമിടിഞ്ഞതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലായിരിക്കുന്ന റോഡിന്റെ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് വഴിതെളിക്കുമെന്നു നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഈ റോഡിലൂടെ കടന്നു പോകുന്നത്.