കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ, മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയര്‍ന്നു, റോഡുകളില്‍ വെള്ളം കയറി.


ഈരാറ്റുപേട്ട: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ആരംഭിച്ച തിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയര്‍ന്നു. ഈരാറ്റുപേട്ട,പാലാ,ഭരണങ്ങാനം മേഖലകളിൽ കനത്തമ മഴയാണ് റിപ്പോർട്ട് ചെയ്തത്. മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. തീക്കോയി, മാർമല മേഖലകളിൽ കനത്ത മഴയായിരുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ആറിനോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ശക്തമായ വെള്ളമൊഴുക്കിൽ മീനച്ചിലാറ്റിൽ ഇളപ്പുങ്കൽ ചെക്ക്‌ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട പോത്തിനെ രക്ഷിച്ചു. കനത്ത മഴയിൽ വാകക്കാട് പാലം മുങ്ങി. മൂന്നിലവ്, മേലുകാവ്, തീക്കോയി, തലനാട്, അടുക്കം പ്രദേശങ്ങളിലെ അതിശക്തമായ മഴയിൽ വളരെ പെട്ടെന്ന് ആണ് തോടുകളിലും ആറ്റിലും ജലനിരപ്പ് ഉയർന്നത്.