കോട്ടയം: മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി കോട്ടയം കിടങ്ങൂർ സ്വദേശിനി. കിടങ്ങൂർ - കട്ടച്ചിറ പുഴയോരം റോഡിൽ മലമേൽ ഇല്ലത്ത്  ശ്രീകാന്ത് - സീമ ദമ്പതികളുടെ മകളായ ഹർഷ ശ്രീകാന്ത്(22) ആണ് സൗന്ദര്യ റാണി പട്ടം ചൂടി മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടിയത്. കഴിഞ്ഞ 13 തിങ്കളാഴ്ച എറണാകുളം ലെ മെറിഡിയനിൽ നടന്ന സൗന്ദര്യമത്സരത്തിൽ ആണ് ഹർഷ കിരീടം ചൂടിയത്. ചെന്നൈ എസ് ആർ എം കോളേജിൽ ജേണലിസം പോസ്റ്റ് ഗ്രാജ്വറ്റ്  വിദ്യാർഥിനിയാണ് ഹർഷ. 2022  ൽ ലുലു ബ്യൂട്ടി ക്വീൻ ആയും 2023 ൽ മിസ് സൗത്ത് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023ലെ  മിനി സ്ക്രീൻ കേരള മത്സരത്തിൽ  റണ്ണറപ്പ് ആയിരുന്നു ഹർഷ. പതിമൂന്നാം എഡിഷൻ ഡിക്യു പെഗാസിസ്‌ കമ്പനി ഓർഗനൈസ് ചെയ്ത മത്സരത്തിൽ അന്തിമ റൗണ്ടിലെത്തിയ 10 സുന്ദരിമാരെ പിന്നിലാക്കിയാണ് ഹർഷ സൗന്ദര്യ റാണി പട്ടം ചൂടിയത്. മോഡലിംഗ് രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൊയ്തെടുത്ത പ്രതിഭയാണ് ഹർഷ ശ്രീകാന്ത്. മിസ്ടെനീഷ്യസ് എന്ന സബ്ടൈറ്റിലിനും  ഹർഷ അർഹയായി. ഫൈനൽ റൗണ്ടിൽ  ട്രഡീഷണൽ വെയർ, വെസ്റ്റേൺ വെയർ, ഈവനിംഗ് വെയർ ഇനങ്ങളിൽ  മത്സരാർത്ഥികളുടെ പെർഫോമൻസ്  വിലയിരുത്തിയാണ് ജഡ്ജിങ് പാനൽ  മിസ്സ് ക്വീൻ  ഓഫ് ഇന്ത്യ ആയി  ഹർഷ ശ്രീകാന്തിനെ തെരഞ്ഞെടുത്തത്. പഞ്ചാബിൽ നിന്നുള്ള തമന്ന ഭരത് ഫസ്റ്റ് റണ്ണറപ്പും മഹാരാഷ്ട്രയിൽ നിന്നുള്ള ഹിമാൻഷി ചെല്ലാനി സെക്കൻഡ് റണ്ണറപ്പുമായി. സാജ് ഹോട്ടൽസ് എം ഡി സാജൻ വർഗ്ഗീസാണ് വിജയികളെ സുവർണ്ണകിരീടമണിയിച്ചത്. പെഗാസസ് ചെയർമാൻ ഡോ.അജിത് രവി ഫസ്റ്റ് റണ്ണറപ്പിനേയും സെക്കൻഡ് റണ്ണറപ്പിനേയും കിരീടങ്ങളണിയിച്ചു. കർണ്ണാടകയിൽ നിന്നുള്ള ഐശ്വര്യ പണ്ട്ലിക് മഗ്ദും, തമിഴ്നാട്ടിൽ നിന്നുള്ള അക്ഷത ദാസ്, പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ജു പാണ്ഡെ, ബീഹാറിൽ നിന്നുള്ള അനുരാധ കുമാരി, കേരളത്തിൽ നിന്ന് ഹർഷ ശ്രീകാന്ത്, മഹാരാഷ്ട്രയിൽ നിന്ന് ഹിമാൻഷി ചല്ലാനി, കേരളത്തിൽ നിന്ന് ലിവ്യ ലിഫി, കേരളത്തിൽ നിന്ന് മീനാക്ഷി ഉണ്ണികൃഷ്ണൻ, ജാർഖണ്ഡിൽ നിന്ന് സ്വാതി കുമാരി, പഞ്ചാബിൽ നിന്നുള്ള തമന്ന ഭാരത് എന്നിവരായിരുന്നു മത്സരാർത്ഥികൾ.