കോട്ടയം: ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ കോട്ടയം സ്വദേശിയായ എംബിബിഎസ് വിദ്യാർഥി റഷ്യയിൽ തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. കോട്ടയം കങ്ങഴ സ്വദേശി തകിടിയേൽ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. 22 നു റിയാസിന്റെ 24–ാം ജന്മദിനമായിരുന്നു. ദുഷൻബേ അവ്സിന താജിക് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി ടി.എച്ച്.ഹാരിസ് മുഹമ്മദ് ആണ് പിതാവ്. മാതാവ്: ഷഹാമോൾ. സഹോദരൻ: റാസിക് ഹാരിസ് മുഹമ്മദ്. കബറടക്കം ഇന്നു 11നു കങ്ങഴ പുത്തൂർപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.