ഇത്തവണ വിഷു പൊടി പൊടിക്കും, ആഘോഷ തിരക്കിൽ നാടും നഗരവും.

കോട്ടയം: കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ. ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ഞായറാഴ്ചയാണ് വിഷു. വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിനോടനുബന്ധിച്ചു വൻകിട വ്യാപാര കേന്ദ്രങ്ങൾക്കൊപ്പം ചെറുകിട വ്യാപാരികളും നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. പടക്ക വിപണിയും സജീവമായി കഴിഞ്ഞു. വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഇത്തവണ വിഷു ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ഉയർന്ന ചൂടിനേയും അവഗണിച്ചാണ് വിഷു വിഭവങ്ങൾക്കായി എല്ലാവരും വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചൂട് കൂടുന്നതിനാൽ കൂടുതലാളുകളും രാവിലെ തന്നെ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായി വിപണിയിൽ എത്തിത്തുടങ്ങിയിരുന്നു.  നാടും നഗരവും ഉത്സവാഘോഷത്തിന്റെ മേളത്തിരക്കിലാണ്. വസ്ത്ര വ്യാപാര കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടിയെടുക്കാനും മറ്റുള്ളവർക്കായി വിഷുക്കൈനീട്ടത്തിനൊപ്പം സമ്മാനമായി നൽകാനായി വസ്ത്രങ്ങൾ വാങ്ങാനായി നിരവധിപ്പേരാണ് എത്തുന്നത്.