കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല, വോട്ടർ പട്ടികയിൽ പേരില്ല, നഷ്ടമായത് കന്നിവോട്ട്.


കോട്ടയം: കന്നി വോട്ടര്മാരെയും യുവജനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആയി തെരഞ്ഞെടുത്ത മമിത ബൈജുവിന് ഇക്കുറി വോട്ടില്ല. കഴിഞ്ഞ ദിവസം പ്രവർത്തകര്‍ വീട്ടിൽ സ്ലിപ്പ് നൽകാൻ എത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം പിതാവ് ഡോ.ബൈജു അറിഞ്ഞത്. സിനിമയിലെ തിരക്കുകൾ വർദ്ധിച്ചതിനാലാണ് മകൾക്ക് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ചു പ്രമുഖരെയായിരുന്നു തെരഞ്ഞെടുത്തത്. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, ചലച്ചിത്ര താരം മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച നാവികസേന ലഫ്റ്റനന്റ് കമാൻഡർ അഭിലാഷ് ടോമി, 2021ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലും നടിയുമായ ശ്രുതി സിത്താര എന്നിവരാണ് ഐക്കണുകളായി ചേർന്നത്.